പിതാവിന്‍റെ ശബ്ദം, ഒരിടയന്റെയും ….

ഇറ്റാലിയൻ ദിനപത്രമായ ‘ലാ റിപ്പബ്ലിക്കാ’യുടെ സ്ഥാപക പത്രാധിപരും നിരീശ്വരവാദിയുമായ സ്‌ക്കൽഫാരി, ഫ്രാൻസീസ് മാർപ്പാപ്പായുമായി നടത്തിയ അഭിമുഖത്തിലെ ഉദ്ധരണികൾ. അതിൽനിന്നും, ഏറെ പ്രസക്തമെന്നു തോന്നിയ ഏതാനും ഭാഗങ്ങൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു – എഡിറ്റർ

?              അങ്ങ് എനിക്കെഴുതിയ കത്തിൽ പറഞ്ഞിട്ടുണ്ട്, മനഃസാക്ഷിക്ക് സ്വയംഭരണമുണ്ടെന്നും നാമോരോരുത്തരും സ്വന്തം മനഃസാക്ഷിയെ അനുസരിക്കണമെന്നും. ഒരു മാർപ്പാപ്പാ പറയുന്ന ഏറ്റവും ധീരമായ കാര്യമാണിതെന്നാണ് എനിക്കു തോന്നിയത്.

                – ഞാനത് വീണ്ടും ആവർത്തിക്കാം. ഓരോരുത്തർക്കും എന്താണ് നന്മയും തിന്മയുമെന്ന് സ്വന്തമായ ആശയങ്ങളുണ്ട്. അയാൾ ധരിക്കുന്ന രീതിയിൽ ആ നന്മയെ അനുഗമിക്കാനും തിന്മയോടു പൊരുതാനും സ്വയം തീരുമാനിക്കണം. അത്രയും മതി, ഈ ലോകം ഒരു നല്ല സ്ഥലമായി മാറാൻ.

?              സഭ അത് ചെയ്യുന്നുണ്ടോ?

                – ഉണ്ട്. അതാണ് ഞങ്ങളുടെ ദൗത്യത്തിന്‍റെ ഉദ്ദേശ്യം. ജനങ്ങളുടെ പ്രസക്തവും അപ്രസക്തവുമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഞങ്ങൾക്കാവും വിധം അതു നേടിക്കൊടുക്കുക. ക്രിസ്തീയ സ്‌നേഹം എന്നാൽ, എന്താണെന്ന് താങ്കൾക്കറിയുമോ?

?              ഉവ്വ്, എനിക്കറിയാം.

                – നമ്മുടെ കർത്താവ് പ്രബോധിപ്പിച്ചതുപോലെ അത് അന്യനോടുള്ള സ്‌നേഹമാണ്. അതു മതപരിവർത്തനമല്ല. അതു സ്‌നേഹമാണ്; സ്വന്തം അയൽക്കാരനോടുള്ള സ്‌നേഹം. പൊതുനന്മയ്ക്കു രുചിപകരുന്ന കാര്യമാണത്.

?              നിന്നെപ്പോലെ നിന്‍റെ അയൽക്കാരനെയും സ്‌നേഹിക്കുക.

                – കൃത്യമായും അതുതന്നെ.

?              അന്യനോടുള്ള സ്‌നേഹം തന്നോടുള്ള സ്‌നേഹം പോലെയാണെന്ന് യേശു പറഞ്ഞു. പക്ഷേ, ആത്മസ്‌നേഹം (നാർസിസിസം) പരസ്‌നേഹംപോലെ സാധുവാണെന്നും നല്ലതാണെന്നും സ്ഥാപിച്ചു ചിലർ.

                – ആത്മസ്‌നേഹം, ആ വാക്ക് എനിക്ക് ഇഷ്ടമല്ല. അത് തന്നോടു തന്നെയുള്ള അമിതമായ സ്‌നേഹമാണ്. അതു നല്ലതല്ല, അതു ബാധിച്ചവരുടെ ആത്മാവിനു മാത്രമല്ല, അവരുമായി ബന്ധമുള്ളവർക്കും അവർ ജീവിക്കുന്ന സമൂഹത്തിനും ഗുരുതരമായ ഹാനികൾ വരുത്തും. ഈ മാനസിക വൈകല്യം ബാധിച്ചവർ മിക്കവരും ധാരാളം അധികാരമുള്ളവർ ആണെന്നതാണ് യഥാർത്ഥ പ്രശ്‌നം. പലപ്പോഴും മേലാളന്മാരാണ് ആത്മസ്‌നേഹികൾ.

?              പല സഭാ മേലാളന്മാരും അങ്ങനെയായിരുന്നു.

                – ഞാനിതിനെപ്പറ്റി എന്താണ് കരുതുന്നതെന്നറിയാമോ? സ്വന്തം രാജസഭാംഗങ്ങളുടെ മുഖസ്തുതികേട്ട് കോരിത്തരിക്കുന്ന നാർസിസിസ്റ്റുകളായിരുന്നു പലപ്പോഴും സഭാദ്ധ്യക്ഷന്മാർ. ഈ രാജധാനി പാപ്പാഭരണസംവിധാനത്തിന്‍റെ കുഷ്ഠരോഗമാണ്.

?              ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ തള്ളിപ്പറഞ്ഞ വിമോചന ദൈവശാസ്ത്രം ലാറ്റിൻ അമേരിക്കയിൽ വ്യാപകമായിരുന്നു.

  • അതെ, അതിലെ പല അംഗങ്ങളും അർജന്റീനക്കാരായിരുന്നു.

?              മാർപ്പാപ്പാ അവർക്കെതിരെ പൊരുതിയത് ശരിയാണെന്ന് അങ്ങേക്കു തോന്നുന്നുണ്ടോ?

  • അവരുടെ പ്രത്യയശാസ്ത്രത്തിന് അത് രാഷ്ട്രീയ നിറം നൽകി. എങ്കിലും അവരിൽ പലരും മാനവികതയെപ്പറ്റി ഉയർന്ന ധാരണകളുള്ള വിശ്വാസികളായിരുന്നു.

?              ആത്മജ്ഞാനികൾ (Mystics) സഭയുടെ കാര്യത്തിൽ പ്രധാനമാണെന്ന് അങ്ങു കരുതുന്നുണ്ടോ?

  • അത് മുഖ്യമാണ്- ആത്മജ്ഞാനികളില്ലാത്ത മതം വെറും തത്ത്വശാസ്ത്രമാണ്.

?              അങ്ങേക്ക് ആത്മജ്ഞാനത്തിന്‍റെ നിയോഗമുണ്ടോ?

                – എന്തു തോന്നുന്നു?

?              ഇല്ല, എനിക്കങ്ങനെ തോന്നുന്നില്ല.

                – താങ്കൾ ശരിയായിരിക്കാം. എനിക്ക് ആത്മജ്ഞാനികളോടു സ്‌നേഹമാണ്. സ്വന്തം ജീവിതത്തിൽ വി. ഫ്രാൻസീസും അതായിരുന്നു. പക്ഷേ, എനിക്ക് ഈ നിയോഗമുണ്ടെന്നു തോന്നുന്നില്ല. നാം ആ പദത്തിന്‍റെ ആഴത്തിലുള്ള അർത്ഥം അറിയണം. ആത്മജ്ഞാനി കർമ്മങ്ങളും വസ്തുതകളും ലക്ഷ്യങ്ങളും ഇടവകയിലെ ദൗത്യംപോലും അഴിച്ചെറിയണം. എന്നിട്ട് പരമപദവുമായി ഐക്യപ്പെടുന്നതുവരെ ഉയരണം. കുറച്ചുനിമിഷങ്ങളേ ഉണ്ടാവൂ അത്. എങ്കിലും ഒരായുഷ്‌കാലം നിറഞ്ഞുനിൽക്കും.

?              എന്നെങ്കിലും അങ്ങേക്ക് അത് അനുഭവപ്പെട്ടിട്ടുണ്ടോ?

                – അപൂർവ്വമായി. ഉദാഹരണത്തിന്, കോൺക്ലേവ് എന്നെ മാർപ്പാപ്പായായി തിരഞ്ഞെടുത്തപ്പോൾ. അതു സ്വീകരിക്കുന്നതിനുമുമ്പ് അൽപ്പനേരം ഒരു മുറിയിൽ ഏകനായി ഇരിക്കാൻ ഞാൻ അനുവാദം ചോദിച്ചു. എന്‍റെ തലമുഴുവൻ ശൂന്യമായിരുന്നു. എനിക്കാണെങ്കിൽ എന്തെന്നില്ലാത്ത ആശങ്കയും. ഞാൻ കണ്ണുകളടച്ച് ഉള്ളിലുള്ള എല്ലാ ചിന്തകളെയും ഇല്ലാതാക്കി, ആ സ്ഥാനം തിരസ്‌കരിക്കുന്നതിനെപ്പറ്റിയുള്ള ചിന്തപോലും. എനിക്ക് ആശങ്കകളും വികാരങ്ങളും ഒന്നും ഇല്ലാതായി. ഈ നിമിഷം വലിയൊരു പ്രകാശം എന്‍റെ ഉള്ളിൽ നിറഞ്ഞു. അതൊരു നിമിഷമേ ഉണ്ടായുള്ളൂ. പക്ഷേ, എനിക്കത് വളരെ നേരം നീണ്ടതായി തോന്നി. അത് മങ്ങിയപ്പോൾ ഞാൻ എഴുന്നേറ്റ് കർദ്ദിനാൾമാർ കാത്തിരിക്കുന്ന മുറിയിലേക്കുപോയി. അവിടെ മേശപ്പുറത്ത് ഞാൻ സ്വീകരിക്കാനുള്ള ഉത്തരവുണ്ടായിരുന്നു. ഞാനതിൽ ഒപ്പിട്ടു.

?              നിങ്ങൾ ക്രിസ്ത്യാനികൾ ഇന്ന് ഒരു ന്യൂനപക്ഷമാണ്. മാർപ്പാപ്പായുടെ വീട്ടുമുറ്റമായി അറിയപ്പെടുന്ന ഇറ്റലിയിൽപോലും, ചില സർവ്വേകൾ അനുസരിച്ച്, പള്ളിയിൽ പോകുന്ന കത്തോലിക്കരുടെ എണ്ണം 15 ശതമാനത്തിലും താഴെയാണ്.

                – ഞങ്ങൾ എന്നും ന്യൂനപക്ഷം ആയിരുന്നു. ഞങ്ങളുടെ ലക്ഷ്യം മതപരിവർത്തനമല്ല; ജനങ്ങളുടെ മോഹങ്ങൾ, മോഹഭംഗങ്ങൾ, നിരാശകൾ, പ്രത്യാശ എന്തൊക്കെയെന്നു ശ്രദ്ധിക്കുകയാണ്. യുവാക്കളിൽ നാം പ്രത്യാശ പുനഃസ്ഥാപിക്കണം, വൃദ്ധരെ സഹായിക്കണം, ഭാവിക്കുവേണ്ടി വാതിലുകൾ തുറക്കണം, സ്‌നേഹം പ്രചരിപ്പിക്കണം. പാവപ്പെട്ടവരിൽ പാവപ്പെട്ടവരാകണം, പുറത്താക്കപ്പെട്ടവരെ ഉൾക്കൊള്ളിക്കണം, ശാന്തിക്കുവേണ്ടി ഉദ്‌ബോധനം നടത്തണം.

?              യേശു ചൂണ്ടിക്കാട്ടിയതുപോലെ അയൽക്കാരനെ നിന്നെപ്പോലെ സ്‌നേഹിക്കണം.അത് നടക്കുന്നുണ്ടെന്ന് അങ്ങേക്ക് തോന്നുന്നുണ്ടോ?

                – നിർഭാഗ്യവശാൽ ഇല്ല. സ്വാർത്ഥത വളരുകയും അന്യരോടുള്ള സ്‌നേഹം കുറയുകയുമാണ് ചെയ്തത്.

?              വത്തിക്കാന്‍റെ ചുവരുകൾക്കുള്ളിലും മൊത്തം സഭയുടെ സ്ഥാപനഘടനയിലും ലൗകികശക്തികളോടുള്ള സ്‌നേഹം ശക്തമാണെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങ് ആഗ്രഹിക്കുന്ന തരം ദരിദ്രമായ, ദൗത്യബോധമുള്ള സഭയെ ഈ സ്ഥാപനം കീഴ്‌പ്പെടുത്തി എന്നാണ് എനിക്ക് തോന്നുന്നത്.

                – സത്യത്തിൽ അങ്ങനെയാണ് കാര്യങ്ങൾ. ഈ മേഖലയിൽ നിങ്ങൾക്ക് മഹാത്ഭുതങ്ങൾ കാട്ടാൻ കഴിയില്ല. ജീവിച്ചിരുന്ന കാലത്ത് ഫ്രാൻസീസ് പോലും തന്‍റെ വ്യവസ്ഥയുടെ ചട്ടങ്ങൾ അംഗീകരിപ്പിക്കാൻവേണ്ടി റോമൻ അധികാര ശ്രേണിയും മാർപ്പാപ്പായുമായി ദീർഘമായ ചർച്ചകൾ നടത്തിയ കാര്യം ഞാൻ ഓർമ്മിപ്പിക്കട്ടെ. ഒടുവിൽ അദ്ദേഹത്തിന് അനുവാദംകിട്ടി, വലിയ മാറ്റം വരുത്തലുകളോടെയും അനുരഞ്ജനങ്ങളോടെയും.

                ഇനി ഞാൻ ഒരു ചോദ്യം ചോദിച്ചോട്ടെ.  ദൈവവിശ്വാസമില്ലാത്ത, മതേതരവാദിയായ താങ്കൾ എന്തിലാണ് വിശ്വസിക്കുന്നത്? എഴുത്തുകാരനും ചിന്തിക്കുന്ന മനുഷ്യനുമായ താങ്കൾ എന്തിലെങ്കിലും വിശ്വസിക്കുന്നുണ്ടാവണം, പ്രമുഖമായ ഒരു മൂല്യം ഉണ്ടാവണം. സത്യസന്ധത, അന്വേഷണം, പൊതുനന്മ തുടങ്ങിയ വാക്കുകൾകൊണ്ട് ഉത്തരം പറയരുത്.  ഈ ലോകത്തിന്‍റെ, അല്ലെങ്കിൽ പ്രപഞ്ചത്തിന്‍റെ തന്നെ, സത്ത എന്താണെന്നാണു താങ്കൾ കരുതുന്നത്. എന്നാണ് ഞാൻ ചോദിക്കുന്നത്. നാം ആരാണ്, എവിടെനിന്നാണു വരുന്നത്, എങ്ങോട്ടാണു പോകുന്നത് എന്നൊക്കെ എല്ലാവരും  ചോദിക്കുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കണം. കുട്ടികൾപോലും അത് സ്വയം ചോദിക്കാറുണ്ട്.

?              എനിക്ക് ഈ ചോദ്യത്തോട് നന്ദിയുണ്ട്. എന്‍റെ ഉത്തരം ഇതാണ്: ഞാൻ അസ്തിത്വത്തിലാണ് വിശ്വസിക്കുന്നത്. ഈ കോശകലയിൽനിന്നാണ് എല്ലാ രൂപങ്ങളും ദേഹങ്ങളും ഉണ്ടാകുന്നത്.

                – ഞാൻ വിശ്വസിക്കുന്നത് ദൈവത്തിലാണ്, കത്തോലിക്കാ ദൈവത്തിലല്ല. അങ്ങനെയൊരു കത്തോലിക്കാദൈവമില്ല. ഞാൻ യേശുവിലും അദ്ദേഹത്തിന്‍റെ അവതാരത്തിലും വിശ്വസിക്കുന്നുണ്ട്. യേശു എന്‍റെ ഗുരുവും ഇടയനുമാണ്. പക്ഷേ, ദൈവം, ആബ, പിതാവ് പ്രകാശവും സ്രഷ്ടാവുമാണ്. ഇതാണ് എന്‍റെ അസ്തിത്വം. നമ്മൾതമ്മിൽ വളരെ അകലമുണ്ടെന്ന് തോന്നുന്നുണ്ടോ?

                ഇതാണ് ഫ്രാൻസീസ് മാർപ്പാപ്പാ. സഭ അദ്ദേഹത്തെപ്പോലെയാവുമെങ്കിൽ, അത് എന്താകണമെന്ന് അദ്ദേഹം ആഗ്രഹിക്കും പോലെയാവുമെങ്കിൽ, അത് ഒരു യുഗസംക്രമമായിരിക്കും.

കടപ്പാട്: മാതൃഭൂമി ദിനപത്രം – 2013  ഒക്ടോബര്‍ 24

You may also like...

Leave a Reply

Your email address will not be published.