ജീവിതത്തെ സമ്പുഷ്ടവും സന്തുഷ്ടവുമാക്കിത്തീർക്കാൻ ഏവരും സ്വാഭാവികമായി ആഗ്രഹിക്കുകയും അതിനായി ചിന്താശക്തിയെ കഴിവതും ഉപയോഗിക്കുകയും ചെയ്യുമല്ലൊ. ഇവിടെയുള്ള വിചിന്തനങ്ങൾ ചിന്താലോകത്തിലേക്കുള്ള ചില എത്തിനോട്ടങ്ങളാണ്. ശ്രീ സക്കറിയാസ് നെടുങ്കനാൽ അവ മനോഹരമാക്കിയിരിക്കുന്നു, പ്രകൃതിയെ വെല്ലുന്ന ചാരുതയോടെ.
ആയിത്തീരാനുള്ള സാദ്ധ്യതയാണ് ഭാവ്യത. എം പി പോളിന്റെ അഭിപ്രായത്തിൽ ഒരു വസ്ത്തുവിന്റെ സത്തയേക്കാൾ മൗലികവും നിത്യവുമായ ഒരു തത്ത്വമാണ് അതിന്റെ ഭാവ്യത; കാരണം എന്തെങ്കിലും ഉണ്ടാവുന്നതിനു മുമ്പു അതുണ്ടാവാൻ പാടുള്ളതായിരിക്കണം. സംഭാവ്യമായതേ ഭവമാകൂ. പക്ഷേ ഭാവ്യമായതെല്ലാം ഭവിക്കണമെന്നില്ല. അതിലളിതമായി ഭാവ്യശാസ്ത്രത്തിന്റെ നിഗൂഡതകളുടെ കുരുക്കഴിക്കുന്ന ഈ കൃതി ശ്രീ സക്കറിയാസ് നെടുങ്കനാലിന്റെ രചനാവൈഭവം മനോഹരമാക്കിയിരിക്കുന്നു.
മനുഷ്യ ജീവിതത്തില്‍ ആവശ്യം അറിഞ്ഞിരിക്കേണ്ട ജീവിതത്തിന്റെ ശാസ്ത്രിയത സംഗ്രഹിച്ചു തയ്യാറാക്കിയ ഈ ഗ്രന്ഥം മനുഷ്യ മനസ്സിന്റെ പ്രവര്‍ത്തനങ്ങളിലെക്കും വെളിച്ചം വീശുന്നു. തയ്യാറാക്കിയത് ശ്രി. ജൊസഫ് മറ്റപ്പള്ളി

പല കാലങ്ങളിലായി എഴുതിയ ലേഖനങ്ങളുടെ ഒരു സമാഹാരമാണ് 120 ഓളം പേജുകളുള്ള ‘വളർച്ചയുടെ രഹസ്യ’മെന്ന ഈ E – Book. ക്രൈസ്തവ പശ്ചാത്തലത്തിൽ സത്യത്തെയും മതത്തെയും ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ഈ കൃതിയിൽ ഉപകാരപ്രദമായ പല ആശയങ്ങളും വായിക്കുന്നവർക്ക് കിട്ടാതിരിക്കില്ല. ശാസ്ത്രവും മതവും രണ്ടാണെന്ന ചിന്താഗതിയുമായി മുന്നേറിയ മതങ്ങൾ ഇപ്പോൾ നിലനിൽക്കാൻ ബുദ്ധിമുട്ടുന്നു. പ്രപഞ്ചവും അതിലെ സർവ്വരഹസ്യങ്ങളും ദൈവത്തിന്റെ സൃഷ്ടിയാണെന്ന് പ്രസംഗിച്ചതുകൊണ്ട് മാത്രമായില്ല, അതങ്ങിനെതന്നെയാണെന്നു വിശ്വസിക്കാൻകൂടി പറ്റിയാൽ തീരുന്ന പ്രശ്നമേയുള്ളു. പക്ഷെ, ശാസ്ത്രീയതയെ തമസ്കരിച്ച് സ്വന്തം സ്വന്തം വ്യാഖ്യാനങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് പ്രശ്‍നം.
പ്രശ്നം അത്ര നിസ്സാരമാണെന്ന് എനിക്ക് തോന്നുന്നില്ല. സത്യം പ്രസംഗിച്ച ഗുരുക്കന്മാരെ പിന്തുടർന്നാൽപ്പോരാ, മറ്റൊരുപാടു നിബന്ധനകളുംകൂടി നിർവ്വഹിച്ചാലെ മോക്ഷം കിട്ടൂവെന്നുള്ള മതങ്ങളുടെ ശാഠ്യം അൽപ്പം കടന്നുപോയില്ലേയെന്നു ചിന്തിക്കുന്ന കൂട്ടത്തിലാണു ഞാൻ. എങ്കിലും, ചിന്തിക്കാനും തീരുമാനിക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവും മനുഷ്യനുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു, അതു തന്റേടത്തോടെ ഉപയോഗിക്കുന്നവന്റെ മുന്നിലേക്കേ സത്യം സ്വാതന്ത്ര്യത്തിന്റെ പരവതാനി വിരിക്കാനും ഇടയുള്ളൂ.