‘അത്മായശബ്ദം’ – ഉറച്ച ശബ്ദത്തോടെ നാലാം വയസ്സിലേക്ക്

ജോർജ് മൂലേച്ചാലിൽ

'കേരള കത്തോലിക്കാ സഭാനവീകരണ പ്രസ്ഥാന'(KCRM)ത്തിന് കഴിഞ്ഞ മൂന്നുനാലു വർഷംകൊണ്ടുണ്ടായ വളർച്ചയെ അത്ഭുതകരമെന്നേ വിശേഷിപ്പിക്കാനാവൂ. പാലായിലും പ്രാന്തപ്രദേശങ്ങളിലും പോസ്റ്ററുകളൊട്ടിച്ചും ലഘുലേഖകൾ വിതരണംചെയ്തും, സെമിനാറുകളും കോർണർ യോഗങ്ങളും പ്രകടനങ്ങളും നടത്തിയും ശക്തമായ സാന്നിദ്ധ്യമറിയിച്ചിരുന്നെങ്കിലും, KCRMന്‍റെ ശബ്ദവീചികൾക്ക് ആ ചെറിയ പരിധിക്കപ്പുറത്തേക്ക് പടരാൻ കഴിഞ്ഞിരുന്നില്ല.

എല്ലാം മാറ്റിമറിച്ചത്, KCRM ന്‍റെ 21-)മത്തെ വയസ്സിൽ, 2011 നവം. 6-ന്, അവൾക്കു പിറന്ന'അത്മായശബ്ദം' ബ്ലോഗെന്ന മാധ്യമശിശുവാണ്. ആ പിറവിയോടെ KCRM ന്‍റെ ശബ്ദവീചികൾക്കു ചിറകുവയ്ക്കുകയും, കേൾക്കാൻ ചെവിയുള്ളവരെത്തേടി അതിന്‍റെ അലയൊലികൾ എട്ടു ദിക്കുകളിലേക്കുമായി പരന്നൊഴുകുകയും ചെയ്തു.
2011 നവം. 6-നു കൂടിയ ഞങ്ങളുടെ കമ്മിറ്റിയോഗത്തിൽ, വളരെ എളിയ രീതിയിലെങ്കിലും ഒരു അച്ചടിമാധ്യമം സ്വപ്നം കണ്ടു തുടങ്ങിയിരുന്ന ഞങ്ങളുടെ മുമ്പിൽ, ബ്ലോഗിന്‍റെ സാധ്യതയെക്കുറിച്ചും ചെലവില്ലായ്മയെക്കുറിച്ചുമൊക്കെ പലരും വിശദീകരിക്കുകയും, താല്പര്യമെങ്കിൽ അതിനുവേണ്ട എല്ലാ സാങ്കേതിക സഹായവും നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ആ യോഗത്തിൽത്തന്നെ, KCRM നിർവ്വാഹകസമിതി, ബ്ലോഗ് തുടങ്ങാൻ തീരുമാനിക്കുകയും, അതിന് 'അത്മായശബ്ദം'എന്ന പേർ തിരഞ്ഞെടുക്കുകയും,  ശ്രീ ജോസാന്റണിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിക്കുകയും ചെയ്തു. അന്നു രാത്രി തന്നെ ബ്ലോഗ് ആരംഭിക്കുകയായിരുന്നു. 
ഒട്ടും വൈകാതെതന്നെ, ലോകമെമ്പാടുമുള്ള നവീകരണദാഹികളായ ചിന്തകരും എഴുത്തുകാരും 'അല്മായശബ്ദം' ബ്ലോഗിന്‍റെ കോൺട്രിബ്യൂട്ടർമാരായി രംഗത്തെത്തുകയും, സഭാനവീകരണ വിഷയങ്ങൾ തുറന്നു ചർച്ചചെയ്യാനുള്ള ഒരു ആഗോളവേദിയായി 'അത്മായശബ്ദം' മാറുകയുമാണുണ്ടായത്. 2011 നവം. 6 മുതൽ ഡിസം. 31 വരെയുള്ള ഹ്രസ്വകാലയളവിൽമാത്രം 149 ചർച്ചാലേഖനങ്ങൾ പോസ്റ്റു ചെയ്യപ്പെട്ടു എന്നതിൽനിന്നുതന്നെ 'അത്മായശബ്ദ'ത്തിന്‍റെ'മുളക്കരുത്ത്' എത്ര ശക്തമായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. 2012-ൽ 910-ഉം 2013-ൽ 635-ഉം 2014-ൽ നവം. 4 വര, 695-ഉം ചർച്ചാലേഖനങ്ങളാണ് 'അത്മായശബ്ദം' ബ്ലോഗിൽ വന്നിട്ടുള്ളത്. 3 വർഷത്തിനകം, ആകെ 2389 പോസ്റ്റുകൾ! ഇവയിൽ മിക്കതും സജീവ ചർച്ചയ്ക്കു വിധേയമാകുകയും ചെയ്തു. ഇതിനകം, 3,35000 വായനാ സന്ദർശനങ്ങൾ (Readers’ visits) ഈ ബ്ലോഗിനുണ്ടായി. ഇപ്പോൾ 1000-ലേറെപ്പേർ ദിവസവും ഈ ബ്ലോഗ് വായിക്കുന്നുണ്ട്.
KCRM ഉം JCC യും നടത്തിയ ചെറുതും വലുതുമായ ഓരോ സമരത്തെയും ഇവിടുത്തെ പൊതുമാധ്യമങ്ങൾ തമസ്‌കരിച്ചപ്പോൾ, അതെല്ലാം ലോകത്തിന്‍റെ ഓരോ മുക്കിലും മൂലയിലുമുള്ള മലയാളികളുടെ കൺവെട്ടത്തെത്തിക്കാൻ ഈ മാധ്യമം ഉപകരിച്ചു. മരിച്ചടക്കു നിഷേധിക്കപ്പെട്ട കല്ലുവെട്ടത്തു കുട്ടപ്പനും, സ്ഥലം നഷ്ടപ്പെട്ട മോണിക്കാ തോമസും, ഭാര്യ നഷ്ടപ്പെട്ട പ്രൊഫ. ജോസഫുമൊക്കെ സഭാധികാരത്തിന്‍റെ ദുഷ്ടതയ്ക്കുള്ള ദൃഷ്ടാന്തങ്ങളായി എടുത്തു കാണിക്കപ്പെട്ടു. മെത്രാനെ മുട്ടുകുത്തിച്ച മണ്ണയ്ക്കനാട്ട് ഇടവകക്കാരും, കുരീപ്പുഴ ഇടവകക്കാരും കേരളസഭാചരിത്രത്തിൽ ഐതിഹാസിക വിജയഗാഥകൾ രചിച്ചത് ലോകത്തെ അപ്പപ്പോൾ അറിയിക്കാനും 'അത്മായശബ്ദം' ഉപകരിച്ചു. പൗരോഹിത്യത്തിന്‍റെ സാമ്പത്തിക-അധികാര ആർത്തിയെ ധൈര്യപൂർവ്വം തുറന്നുകാട്ടാനും, അതു സമൂഹത്തിനു വരുത്തിവയ്ക്കുന്ന അപകടങ്ങളെക്കുറിച്ചു വിശകലനംചെയ്ത് ജനങ്ങളെ ബോധവൽക്കരിക്കാനും 'അത്മായശബ്ദം' ഉപകരിച്ചു. കൂടാതെ,ലോകമെമ്പാടും നടക്കുന്ന സഭാനവീകരണ ചലനങ്ങളെയെല്ലാം അപ്പപ്പോൾ വായനക്കാരിലെത്തിക്കാനും ഈ ബ്ലോഗിനു സാധിച്ചു.
'സത്യജ്വാല' മാസിക പിറവിയെടുത്തതും 'അത്മായശബ്ദം' ബ്ലോഗിൽനിന്നാണ്. 'അത്മായശബ്ദ'ത്തിൽ വരുന്ന ധാരാളം ഈടുറ്റ രചനകൾ, ഇന്റർനെറ്റ് സൗകര്യമില്ലാത്ത കേരളത്തിലെ സാധാരണക്കാർക്ക് വായിക്കാൻ കഴിയുന്നില്ലല്ലോ എന്ന ചിന്ത ശക്തമായപ്പോഴാണ്, വീണ്ടുമൊരു അച്ചടി മാധ്യമത്തെക്കുറിച്ച് KCRM ചിന്തിച്ചത്. അങ്ങനെ 2011 ഡിസംബറിൽത്തന്നെ'സത്യജ്വാല'യുടെ ഒരു പരീക്ഷണപ്പതിപ്പ് ഇറക്കുകയും, ജനങ്ങൾ പിന്തുണയ്ക്കുമെന്ന വിശ്വാസത്തിൽ, 2012 ഏപ്രിൽ മാസം മുതൽ പുതിയ കെട്ടിലും മട്ടിലും 'കളർഫുൾ' ആയിത്തന്നെ മാസിക ഇറക്കിത്തുടങ്ങുകയുമായിരുന്നു.
'അത്മായശബ്ദ'ത്തിന്‍റെ ഈ 4-)o പിറന്നാളിന്, കേരളകത്തോലിക്കാ സമൂഹത്തിന്‍റെ തിരുമുമ്പിൽ സമ്മാനിക്കാൻ KCRM മറ്റൊരുപഹാരംകൂടി, ഏതാനും പ്രഗത്ഭമതികളുടെ ഔദാര്യപൂർണ്ണമായ സഹായത്തോടെ, ഒരുക്കിക്കൊണ്ടിരിക്കുന്നു എന്നറിയിക്കാൻ അതിയായ സന്തോഷമുണ്ട്. അതെ, KCRM ന്‍റെതായി 'അത്മായശബ്ദ'മെന്ന പേരിൽത്തന്നെ, ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു വെബ്‌സൈറ്റ് ആരംഭിക്കുന്നു! 'അത്മായശബ്ദം' ജന്മംകൊടുത്ത 'സത്യജ്വാല'യെയെന്നപോലെ, ഈ വെബ്‌സൈറ്റിനെയും, പൗരോഹിത്യാധിപത്യത്തിൽനിന്നു വിമോചനം കാംക്ഷിക്കുന്ന ലോകമെമ്പാടുമുള്ള കേരള കത്തോലിക്കർ സ്വന്തം നെഞ്ചിന്‍റെ ചൂടേകി വളർത്തണേ എന്നഭ്യർത്ഥിക്കുന്നു.
KCRM ന്‍റെ മാധ്യമ തായ്ത്തടിയായ 'അത്മായശബ്ദം' ബ്ലോഗിനുപിന്നിൽ നിസ്വാർത്ഥരായി അർപ്പണബോധ ത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇതിന്‍റെ അഡ്മിനിസ്‌ട്രേറ്റർമാരുടെയും എഴുത്തുകാരുടെയും, ഇതിനെ പിന്തുണച്ച അമേരിക്കയിൽനിന്നുള്ള സഹോദര ബ്ലോഗായിരുന്ന 'സീറോ-മലബാർ വോയ്‌സ്' പ്രവർത്തകരുടെയും, ഇപ്പോഴും ശക്തമായി പിന്തുണച്ചുകൊണ്ടിരിക്കുന്ന ജർമ്മനിയിൽനിന്നുള്ള 'സോൾ ആൻഡ് വിഷൻ' പ്രവർത്തകരുടെയും, സർവ്വോപരി ഇതിനെ മാറോടണച്ചു വളർത്തിയ ബഹുമാന്യ വായനക്കാരുടെയും മുന്നിൽ KCRM പ്രവർത്തകർ ശിരസ്സ് നമിക്കുന്നു!

You may also like...

Leave a Reply

Your email address will not be published.