മഹാദേവന്റെ മയൂരവാഹകൻ പുരാണങ്ങളിലും മതങ്ങളുടെ മതിൽക്കെട്ടിലും

  • maha31

 

ജോസഫ് പടന്നമാക്കൽ

 

നീലാകാശത്തിൽ   കാർമേഘങ്ങൾ മൂടി മഴക്കാറുകൾ പ്രത്യക്ഷപ്പെടുമ്പോൾ  പീലി വിടർത്തി ചാഞ്ചാടുന്ന മയിലിനെ കാണുന്ന വേളയിൽ   പ്രപഞ്ചസൃഷ്ടാവിനെ  നാം അറിയാതെ മനസിനുള്ളിൽ  നമിച്ചുപോകും. സൂര്യന്റെ  പ്രകാശതരംഗങ്ങളിൽ   ഓരോ പീലിയിലുമുള്ള  ഹൃദയഹാരിയായ  മനോഹാരിതയുടെ പീലിക്കണ്ണുകൾ  വട്ടത്തിലൊതുക്കി മയിലുകൾ വിശറി പിടിക്കുമ്പോൾ കാണുന്നവരായ നാം കണ്ണഞ്ചിക്കാതിരിക്കില്ല .  അവിടെയൊരു   വർണ്ണപ്രപഞ്ചം തന്നെ വിസ്മയഭരിതരായ  നമുക്കു മുമ്പിൽ  ആവരണം ചെയ്യുകയാണ്. പ്രകൃതിയാൽ മനസിനുന്മേഷം നൽകുന്ന ഈ മയിൽനൃത്തം എത്രയെത്ര  മനോഹരമെന്ന്  നമ്മുടെ അവബോധ  മനസുകൾ അറിയാതെ മന്ത്രിച്ചു പോവും.

 

മയിലിനെപ്പോലെ സൌന്ദര്യാത്മകവും ആകർഷകവുമായ മറ്റൊരു പക്ഷിയെ  ഈ ഭൂമുഖത്ത്  കണ്ടിട്ടുണ്ടാവില്ല. മയിൽ  ഭാരത ജനതയ്ക്ക്  അഭിമാനിക്കാവുന്ന നമ്മുടെ ദേശീയ പക്ഷിയും കൂടിയാണ്.  ഇതിഹാസങ്ങളിലും പുരാണങ്ങളിലും ദേവ സദസുകളിലെ പുണ്യഗണങ്ങളിലും  ഈ പക്ഷിക്ക്  പവിത്രമായ ഒരു സ്ഥാനം കല്പ്പിച്ചിട്ടുണ്ട്.  സൃഷ്ടാവിന്റെ മാന്ത്രികമായ  കലാവിരുതുകൾ   ഐന്ദ്രജാലികനായ   ആ പക്ഷിയുടെ ചിറകുകളിൽ ഒത്തുചേർന്നിരിക്കുന്നതായും കാണാം.  ഭാരതീയ ദേവ ദൈവങ്ങളുടെ പ്രതിഷ്ഠകളിൽ   മയിലുകൾക്കും ഔന്നത്യമേറിയ  ഒരു സ്ഥാനമുണ്ട്. വൈദിക കാലങ്ങൾ മുതൽ മയിലുകൾ പരിശുദ്ധിയുടെ പക്ഷിയാണ്. മയിലിനെ വേട്ടയാടൽ ഭാരതമാകെ  നിരോധിച്ചിരിക്കുന്നു.

 

കാറ്റിന്റെയും മഴയുടെയും ഇടിമുഴക്കങ്ങളുടെയും ദേവനായി മയൂരവാഹകനെ ഹൈന്ദവ വിശ്വാസ സംഹിതകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.  പീലി വിടർത്തി നില്ക്കുന്ന മയിലുകളെ കാണുമ്പോൾ അന്നു മഴയുണ്ടാകുമെന്ന് നാടോടി വർത്തമാനങ്ങളിൽ ഉണ്ട്. അത്  പരമ്പരാഗതമായി കേരളീയ ജനത  വിശ്വസിച്ചിരുന്നു. കുറച്ചൊക്കെ സത്യവും  ആ വിശ്വാസത്തിൽ  ദർശിക്കുന്നുമുണ്ട്. ആകാശത്തിൽ  കാർമേഘങ്ങൾ  ഇടിച്ചു കയറി പന്തലിക്കുന്ന  മുഹൂർത്തത്തിൽ  രാഗാനുരാഗ ഭാവത്തോടെ മയിലുകൾ പീലി വിടർത്തി  നൃത്തം ചെയ്യാറുണ്ട്. ഇന്ത്യൻ നാട്യ കലകളിലും ഭരതനാട്യത്തിലും മറ്റു സാംസ്ക്കാരിക കലകളിലും  മയൂര നൃത്തമുണ്ട്.

 

 ദേശീയ പക്ഷിയായ മയിലുകൾ ഭാരതത്തിൽ ധാരാളമായുണ്ട്‌.മയിലുകൾ  ചൂടുളള സമതല പ്രദേശങ്ങളിലെ  പുല്മേടകളിൽ  തത്തി കളിക്കുന്നത് കാണാം.  വനപ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും ദൃശ്യമാണ്. കൂടുതലായും അമ്പലങ്ങൾക്ക്‌ ചുറ്റുമായി കാണുന്നു. നദികളുടെ തീരത്തും ചെടികളുടെ ഇടയിലും അവകൾ വസിക്കുന്നു. ചിലപ്പോൾ ചാഞ്ഞു നില്ക്കുന്ന മരങ്ങളുടെ കൊമ്പുകളിലും വിശ്രമിക്കുന്നതു കാണാം.  വിത്തുകളും പ്രാണികളും ചിലയിനം ഇഴജന്തുക്കളും  പാമ്പുകളും ഇവറ്റകളുടെ ഭക്ഷണമാണ്.  ആണ്‍ മയിലുകളും പെണ്‍ മയിലുകളും രൂപാദി ഭാവങ്ങളിൽ തികച്ചും വ്യത്യസ്തമായി കാണുന്നു. ആണ്മയിലുകൾക്ക് ശരാശരി പതിനൊന്നു പൌണ്ട് തൂക്കവും പെണ്‍ മയിലുകൾക്ക് ഏഴു   പൌണ്ട് തൂക്കവും കാണാം. ഓരോ തുവലിന്റെ അറ്റത്തും മനോഹരമായ കണ്ണുകൾ പോലുള്ള  ദൃശ്യങ്ങളുമുണ്ട്.

 

നീലയും പച്ചയുമാർന്ന  നീളൻ പീലികൾ ആണിന്റെ വർഗത്തിലുള്ള   മയിലുകൾക്കു  കാണാം. ഈ മയൂര പക്ഷിയെ നീണ്ട വാലായിട്ടാണ് സാധാരണ കാണപ്പെടുന്നത്. ആണ്മയിലുകളുടെ  തലയിൽ പൂവിതളുകൾ പോലുള്ള പപ്പുകളുണ്ട്.  പെണ്മയിലുകളുടെ  തൂവലുകൾ ഇരുണ്ട പച്ച നിറമുള്ള ചാര നിറത്തിലുള്ളതായിരിക്കും. പെണ്മയിലുകൾക്ക് ആണ്മയിലുകളെപ്പോലെ  നീണ്ട തൂവലുകൾ കാണില്ല. ആണ്മയിലുകൾ പീലി വിടർത്തി പെണ്മയിലുകളെ  അനുരാഗ രീതിയിൽ ആകർഷിക്കാൻ ശ്രമിക്കും. മയിലുകൾ കോഴി വർഗത്തിൽപ്പെട്ട പക്ഷികളാണ്.  കോഴികളെപ്പോലെ  അധിക ദൂരം പറക്കാനും കഴിവില്ല.

 

Lord Muruga 

വൈദിക കാലം മുതൽ വിശുദ്ധ ഗണങ്ങളിലെ പക്ഷികളായി   അറിയപ്പെടുന്ന   മയിലുകൾ തമിഴ് നാട്ടിൽ മുരുഗസ്വാമിയെന്നറിയപ്പെടുന്ന  സുബ്രമണ്യ മഹാദേവർ സ്വാമികളുടെ  വാഹനമായി കരുതുന്നു.  പരമശിവന്റെയും പാർവതി ദേവിയുടെയും പുത്രനായി മുരുഗ സ്വാമിയെ അറിയപ്പെടുന്നു. മുരുഗ ഭഗവാൻ    തമിഴ് നാടിന്റെ പ്രിയങ്കരനായ അസുര ഗണങ്ങളിലെ ദേവനും കൂടിയാണ്.  മഹാദേവൻ മയൂര വാഹത്തിൽ തന്റെ ദേവ സ്ത്രീകളുമൊത്തു സഞ്ചരിക്കുന്ന  ശ്രീ രാജാ രവിവർമ്മയുടെ  ഒരു ചിത്രം പ്രസിദ്ധമാണ്. മഹാവിഷ്ണുവിന്റെ ദശാവതരാങ്ങളിൽ ഒന്നായ ശ്രീ കൃഷ്ണ ഭഗവാന്റെ കിരീടത്തിൽ അലങ്കാരമായി ചൂടിയിരിക്കുന്നതും മയിൽപ്പീലികളാണ്.

 

വൈദിക കാലം മുതൽ  പുരാണ ലിഖിതങ്ങളിലുള്ള  ഹൈന്ദവ ദേവതയായ  സരസ്വതി ദേവി ജ്ഞാനത്തിന്റെയും   വിവേകത്തിന്റെയും അറിവു തേടുന്നവരുടെയും ദേവതയാണ്.  ബ്രഹ്മാവിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയും  സഹായിയുമായി അറിയപ്പെടുന്നു.  വിദ്യാർത്ഥികളും അദ്ധ്യാപകരും ശാസ്ത്രജ്ഞരും  ജീവിതത്തിന്റെ നാനാ തുറകളിലുള്ളവരും  ഒന്നുപോലെ സരസ്വതി ദേവിയെ വാഴ്ത്തിക്കൊണ്ട് ദേവിക്കായി പൂജകൾ അർപ്പിച്ചു വരുന്നു. സരസ്വതിയ്ക്ക് ദാർശനീകമായ  പരിശുദ്ധിയുടെ നാലു കൈകൾ ഉണ്ട്. താമര ഇതളുകളുടെ പുറത്ത്  ധവള  നിറമുള്ള  സാരി ധരിച്ച്  ചമ്പ്രം പടഞ്ഞിരിക്കുന്ന  സരസ്വതി ദേവിയുടെ  ദേവി വിഗ്രഹങ്ങളാണ്  ഹൈന്ദവരുടെ പൂജാ മുറികളിൽ  കൂടുതലായും കാണപ്പെടുന്നത്.  ഒരു കൈയിൽ പുസ്തകവും മറ്റേ കൈയിൽ ജപമാലയും പിടിച്ചിട്ടുണ്ട്. മുമ്പുള്ള രണ്ടു കൈകളിൽ വീണയും വഹിച്ചിരിക്കുന്നു. വലതുകാൽ ഇടതു കാലിനു ചേർത്തും വെച്ചിട്ടുണ്ട്. സരസ്വതി ദേവിയുടെ  സമീപത്തായി ഒരു മയിൽ  ദേവിയെ ഭയഭക്തി നിറഞ്ഞ  ആകാംഷയോടെ  നോക്കിനില്ക്കുന്ന കാഴ്ച  പ്രകടമായി കാണാം.  വെളുത്ത സാരി പരിശുദ്ധിയുടെയും ജ്ഞാനത്തിന്റെയും അടയാളമായി പ്രതിഫലിക്കുന്നു.  തൊട്ടു താഴെ വെള്ളത്തിൽ നീന്തുന്ന അരയന്നം സരസ്വതി ദേവിയുടെ വാഹനമാണ്. അറിവിനെ തേടിയുള്ള ആകാക്ഷയുടെ പ്രതീകമായി മയിലുകളെ സൂചിപ്പിക്കുന്നു.

 

Saraswathi

കാവ്യങ്ങളിലും ഇതിഹാസങ്ങളിലും  ഹൈന്ദവ  ഗ്രീക്ക് പുരാണങ്ങളിലും സൌന്ദര്യലഹരിയിൽ നിറഞ്ഞിരിക്കുന്ന   മയിലുകൾ ചരിത്ര ഗ്രന്ഥ പ്പുരയിലെ പുസ്തകങ്ങളിൽ  സ്ഥാനം പിടിച്ചിട്ടുണ്ട്.  ബി.സി. 322-ൽ  ഭാരതം ഭരിച്ചിരുന്ന മൌര്യ സാമ്രാജ്യ ചക്രവർത്തിമാരുടെ  അടയാളവും മയൂരമായിരുന്നു. മൌര്യയെന്ന വാക്കിന്റെ പ്രഭവ കേന്ദ്രവും  മയൂരത്തിൽ നിന്നായിരുന്നുവെന്നാണ് സാങ്കല്പ്പികമായി എഴുതപ്പെട്ടിരിക്കുന്നത്.    മൌര്യസാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ചന്ദ്രഗുപ്ത മൌര്യ  മയിലുകളെ വളർത്തുന്ന ഒരാളിന്റെ മകനായിരുന്നുവെന്ന  കഥയുമുണ്ട്.

 

കേരള വർമ്മ തമ്പുരാന്റെ മയൂര സന്ദേശം മലയാള കാവ്യ സാഹിത്യത്തിൽ അതുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്നു. ഹരിപ്പാടുള്ള ഏകാന്തമായ കൊട്ടാര  ജയിലറ തടവിൽ നിന്നും വിരഹ ദുഖത്തിൽ കഴിയുന്ന കേരളവർമ്മ  തമ്പുരാൻ  തന്റെ പ്രിയതമയ്ക്ക് മയൂരം വഴി  കാവ്യ രൂപേണ സന്ദേശങ്ങൾ അയച്ചു കൊണ്ടിരുന്നു. ആയല്യം തിരുന്നാൾ മഹാരാജാവിനെതിരെ  ഗൂഢാലോചന നടത്തിയതിന്റെ പേരിലായിരുന്നു രാജാവിന്റെ രോഷാഗ്നിയാൽ  അദ്ദേഹത്തിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നത്.  തടവിലാക്കപ്പെട്ട പ്രതിയുടെ വിരഹ ദുഃഖം  കവിതയിൽ ആലപിച്ചപ്പോൾ അത് മലയാള കവിതാ സാഹിത്യത്തിന്റെ  ആദ്യത്തെ വിരഹ ദുഃഖ കവിതയായി മാറി. ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിലെ തടവറയിൽനിന്നും മയൂരം വഴി ഇവിടെ തന്റെ പ്രണയ ദൂത്  പകർത്തുകയാണ്.ഓരോ ദിവസവും ഓരോ ശ്ലോകങ്ങൾ പ്രിയതമയ്ക്കുവേണ്ടി  രചിക്കുമായിരുന്നു. കൊട്ടാരത്തിലെ സമീപത്തുകൂടിയൊഴുകുന്ന കായംകുളം തോട്ടിലൂടെ വെള്ളത്തിൽ യാത്ര ചെയ്യുന്ന ഹരിപ്പാട് സുബ്രമണ്യം ക്ഷേത്രത്തിലെ മയിലായിരുന്നു സന്ദേശവാഹകൻ.  ആയല്യം തിരുന്നാളിന്റെ മരണശേഷം  വിശാഖം തിരുന്നാൾ ഭരണമേറ്റ ശേഷമാണ് അദ്ദേഹം ജയിൽ വിമുക്തനായത്.

 

ക്രിസ്തീയമായ വീക്ഷണത്തിലും മയിലുകളെ  പരിശുദ്ധിയുടെ അടയാളമായും കരുതുന്നു. പൌരസ്ത്യ ക്രിസ്ത്യൻ ആചാരങ്ങൾ വെച്ചു പുലർത്തുന്ന   സീറോ മലബാർ സഭകളിലെ  അഭിഷിക്തരായവരുടെയും  കർദ്ദിനാളിന്റെയും   തൊപ്പികളിൽ ആലങ്കാരികമായോ വിശുദ്ധിയുടെ അടയാളമായോ  സ്നേഹ സല്ലാപങ്ങൾ നടത്തുന്ന രണ്ടു മയിലുകളുടെ പടങ്ങൾ തുന്നി വെച്ചിരിക്കുന്നതു കാണാം. 

 

ക്രിസ്തു മതം ഉണ്ടാവുന്നതിനു മുമ്പ് പേഗനീസ മതങ്ങളുടെയും  അടയാളമായി മയിലുകളെ സ്വീകരിച്ചിരുന്നു. ക്രിസ്തീയ പവിത്രതകളിൽ  മയിലുകൾക്കുള്ള സ്ഥാനം പേഗൻ മതങ്ങളുടെ തുടർച്ചയാകാം. ഗ്രീക്കു പുരാണങ്ങളിലെ  ഐതിഹാസിക ദേവതയായ 'ഹെറായുടെ' അടയാളം മയിലായിരുന്നു. 'ഹെറാ' കമിതാക്കളുടെയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരുടെയും ദേവതയായി കരുതുന്നു.  അവർ ഭാര്യയും അമ്മയുമായി സാങ്കല്പ്പിക കഥകളിൽ വിശേഷിപ്പിച്ചിരിക്കുന്നു. വൈവാഹിക താളപ്പിഴകൾ സംഭവിക്കുന്നവർക്കും പ്രശ്നങ്ങളുള്ള അമ്മമാർക്കും അവർ കാരുണ്യത്തിന്റെ ദേവതയായിരുന്നു. റോമൻപേരിൽ  അവരെ ജൂനോയെന്നും അറിയപ്പെട്ടിരുന്നു. അവർ സിയാസിന്റെ ഭാര്യയും ഗ്രീക്കു ദേവഗണങ്ങളുടെ  റാണിയുമായിരുന്നു. മാതൃകാപരമായുള്ള  കുടുംബ ജീവിതം നയിക്കുന്നവരുടെ  മാദ്ധ്യസ്ഥ ദേവതയുമായിരുന്നു. അതെ സമയം ഏറ്റവും അസൂയ പിടിച്ച പ്രതികാര ദാഹിയായ  മറ്റൊരു മുഖവും ഈ ദേവതയ്ക്കുണ്ടായിരുന്നു. ഒരുവളുടെ  ഭർത്താവുമൊത്തു രതിസുഖം അനുഭവിക്കുന്ന മറ്റു സ്ത്രീകളെയും അവരിൽ ഉണ്ടായ സന്തതികളെയും  കൊപാഗ്നിയാൽ ഈ ദേവത പ്രതികാരം  ചെയ്തിരുന്നുവെന്നാണ് ഗ്രീക്കു പുരാണത്തിൽ എഴുതപ്പെട്ടിരിക്കുന്നത്.

 

വിശുദ്ധഗ്രന്ഥത്തിലെ പഴയ നിയമത്തിൽ  സോളമന്റെ കാലത്തുള്ള മയിലുകളെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്അദ്ദേഹം വിദൂരതയിലേക്ക് കപ്പലുകൾ അയച്ചിരുന്നുഓരോ മൂന്നു വർഷവും കപ്പലുകൾ മടങ്ങി വരുന്നത് സ്വർണ്ണവും വെള്ളിയും കുരങ്ങന്മാരും മൈലുകളുമായിട്ടായിരുന്നുസോളമൻപഴയനിയമത്തിലെ രാജാക്കന്മാരിൽ ഏറ്റവും ധനികനായ രാജാവായിരുന്നു.  

 

Peacok on the stable roof top

ക്രിസ്തുമസ് കാലങ്ങളിൽ  യൂറോപ്പിലും അമേരിക്കയിലും പുല്ക്കൂടിന്റെ കവാടത്തിന്റെ മുകളിലായി  രാജകീയ മനോഹാരിതയുളവാക്കുന്ന  വിടർന്ന പീലികളോടെയുള്ള  ഒരു മയിലിന്റെ  രൂപം വെയ്ക്കാറുണ്ട്.  പൌരാണിക കലകളിൽ ക്രിസ്തു മതത്തിനുള്ളിൽ  മയിലുകൾക്കുള്ള  പ്രതീകാത്മകത എന്തെന്ന്  അധികമാരും ചിന്തിക്കാറില്ല. മദ്ധ്യകാല യുഗങ്ങളിലെ ച്ഛായാപടങ്ങളിലും പ്രാചീന കൃതികളിലും  പള്ളികളുടെ ആലങ്കാരികമായ മോന്തായങ്ങളിലും ഭിത്തികളിലും മയിലുകളുടെ പടങ്ങളുണ്ടായിരുന്നു. ചിത്ര രൂപേണ  പള്ളികളുടെ ഭിത്തികളിലും കവാടത്തിലുമുണ്ടായിരുന്ന  മയിലുകൾ  രൂപാലങ്കാര ഭാവങ്ങളുടെ  സവിശേഷതകൾ തേടി വരുന്ന  ജിജ്ഞാസ്സുക്കൾക്ക് പ്രയോജനപ്രദവും വിസ്മയം ഉളവാക്കുന്നതുമായിരുന്നു.   നയനമനോഹരമായ  കലാരൂപങ്ങളുള്ള മയിലുകൾ സഭയുടെ പാരമ്പര്യത്തെ അഭിമാനിക്കത്തവണ്ണം ബലവത്താക്കുന്നു.  പുല്ക്കൂടുകളുടെ മുകളിലുള്ള ആലങ്കാരിക മയിലുകളുടെ രൂപങ്ങൾ കാണുമ്പോൾ മദ്ധ്യകാല യുഗത്തിലെ ജനങ്ങൾ അനുഗ്രഹീതമായ പ്രകൃതിയെയും  ജീവ ജാലങ്ങളെയും സ്നേഹിച്ചിരുന്നുവെന്നും കരുതണം. സൃഷ്ടാവിന്റെ സമസൃഷ്ടികളോടുള്ള  സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായും  പുല്ക്കൂടിലെ പക്ഷികളെയും  ആട്ടിൻ കൂട്ടങ്ങളെയും കരുതാം.  അടയാളമായി  ജ്യോതിഷന്മാർ കണ്ടുവന്ന   ആകാശത്തിലെ  നക്ഷത്രങ്ങളും   സുഗന്ധ ദ്രവ്യങ്ങളും   കുന്തിരക്കവും  സൃഷ്ടാവും സൃഷ്ടിയും പുല്ക്കൂടും അതിന്മേൽ നില്ക്കുന്ന മയിലും പ്രകൃതിയും ദൈവവുമായുള്ള  ബന്ധത്തെ സൂചിപ്പിക്കുന്നു.  ഉണ്ണി യേശുവിലെ   ശൈശവത്തിന്റെ  ഹൃദയഹാരിയായ പരിശുദ്ധിയും    പ്രക്രതിയോട് അലിഞ്ഞു ചേർന്നിട്ടുണ്ട്.

 

മദ്ധ്യകാല യുഗങ്ങളിൽ  ജീവിച്ചിരുന്ന  ജനതകളിൽ ആഞ്ഞടിച്ചിരുന്നതും   സൃഷ്ടാവും സൃഷ്ടിയുമടങ്ങിയ   പ്രകൃതിയുടെയും പ്രപഞ്ച സങ്കീർണ്ണതകളുടെയും  മാനസിക സങ്കൽപ്പങ്ങളുടെയും  ഭാവനകളായിരുന്നു . അതുകൊണ്ട് മയൂരമെന്ന സാങ്കൽപ്പിക ദേവപക്ഷിക്ക് പ്രാധാന്യം കല്പ്പിച്ചതിൽ അതിശയിക്കാനില്ല. കത്തോലിക്കാ മതവിശ്വാസത്തിൽ  മയിലിനെ പുനരുത്ഥാനത്തിന്റെ   അടയാളമായി സ്വീകരിച്ചിരുന്നു. മൂന്നാം നൂറ്റാണ്ടു മുതൽ  റോമ്മായുടെ  പ്രാന്തപ്രദേശങ്ങളിലുള്ള  ശ്മശാന ഗുഹകളിലും മയിലുകളുടെ ച്ഛായാ പടങ്ങൾ കലാരൂപത്തിൽ വരച്ചിട്ടുണ്ടായിരുന്നു. മയിലുകളുടെ കലാരൂപത്തിൽ അടങ്ങിയിരൂന്നത്  'മനുഷ്യാ നീ പൊടിയാകുന്നുവെന്ന'  ആപ്ത വാക്യമനുസരിച്ച്  ജീവനറ്റ ശരീരത്തിൽ നിന്നും വീണ്ടുമുള്ള  നിത്യതയിലെ പുനരുദ്ധാരണ  ജീവിതമെന്ന സാങ്കല്പ്പിക തത്ത്വമായിരുന്നു.  മാനുഷ്യകമായ ജീർണ്ണിച്ച  ശരീരം നിത്യതയിൽ പരിപാവനവും വാഴ്ത്തപ്പെട്ടതുമാകുമെന്നാണ് ക്രൈസ്തവ ധർമ്മത്തിലെ വിശ്വാസം. മരിച്ച മയിലുകളുടെ ശരീരം ഒരിക്കലും ജീർണ്ണിക്കില്ലായെന്നും വിശ്വസിക്കുന്നു. അജീർണ്ണമായ മയിലിന്റെ ശരീരം  നിത്യതയുടെ അടയാളമായും കരുതുന്നു. അനശ്വരത്തിന്റെ   പ്രതീകമായി ആ പക്ഷിയെ പൌരാണിക കല്ലറയിങ്കൽ കൊത്തിയിരിക്കുന്നതും കാണാം.   അനന്തതയിലെ  മറ്റൊരു  ജീവിതത്തിന്റെ പ്രതീകമായി  ആ ചിത്രങ്ങൾ ഭൂഗർഭക്കല്ലറകളിൽ   നിത്യതയുടെ പ്രതീകങ്ങളായി   ശ്മശാന ഗുഹകളിൽ  ഒളിഞ്ഞിരിക്കുന്നതും കാണാം.    സാങ്കൽപ്പിക ഭാവനകൾ നിറഞ്ഞ   മയൂര ചിത്രങ്ങളെ  സ്വർഗീയ കലാമാധുര്യത്തോടെ ഒരുവൻ മനസിനുള്ളിൽ  ആവഹിച്ചുകൊണ്ട് വരച്ചുകാട്ടുകയും ചെയ്യുന്നു.

 

Murugan by Raja Ravi Varmma

മയിലുകളുടെ ശരീരത്തിൽനിന്നും തൂവലുകൾ  വർഷത്തിലൊരിക്കൽ മുഴുവനായി പൊഴിഞ്ഞ്  വീണ്ടും പഴയതിനെക്കാളും ശോഭയോടെ പുതിയ തൂവലുകൾ ഉണ്ടായി  വരും. വസന്തത്തിലെ പുത്തൻ പക്ഷിയെപ്പോലെ പുൽമേടകളിൽ പീലി വിടർത്തി വീണ്ടും നൃത്തമാടാൻ  തുടങ്ങും. പഴയതിനെ ഇല്ലാതായി പുതിയതിനെ അവിടെ പ്രതിഷ്ടിക്കുകയാണ്. അത് ക്രിസ്തുവിന്റെ ഉയർപ്പിനോടു സമാനമായ  ലക്ഷണ  പ്രതിരൂപമായി   മദ്ധ്യകാല  യുഗത്തിലെ ജനങ്ങൾ കരുത്തിയിരുന്നു.  പക്ഷി മൃഗാദികളെ വർണ്ണിക്കുന്ന പൌരാണിക കൃതികളിൽ  മയിലുകളുടെ പവിത്രതയെ വർണ്ണിക്കുന്നുണ്ട്. കൂടാതെ അതിന്റെ തൂവലുകൾ   ഈസ്റ്റർ, ക്രിസ്തുമസ് ദിനങ്ങളിൽ പള്ളികളിൽ അലങ്കരിക്കാനും ഉപയോഗിച്ചിരുന്നു.

 

മയിലുകളുടെ ജീവൻ അവസാനിച്ചു കഴിഞ്ഞ്  അതിന്റെ  മാംസം  ഒരിക്കലും ജീർണ്ണിക്കില്ലെന്നുള്ള സങ്കൽപ്പവുമുണ്ട്. പൌരാണിക കാലം മുതലുള്ള ജനങ്ങളുടെ വിശ്വാസത്തിൽ   മയിലുകളെ   യേശുവിന്റെ പ്രതീകാത്മകമായി കരുതിവന്നു. അതുകൊണ്ടാണ് പൌരാണിക പള്ളികളുടെ ഭിത്തികളിൽ  മയിലുകളുടെ ച്ഛായാപടങ്ങൾ വരച്ചു വെച്ചിരുന്നത്. ഒരു മയിൽ അതിന്റെ പീലി വിടർത്തി നില്ക്കുന്നത് കാണുമ്പോൾ പീലികളിലെ  നെയ്തെടുത്തപോലുള്ള നൂറു കണക്കിന് കണ്ണുകൾ നമ്മെ  നോക്കുന്നതായി തോന്നിപ്പോവും.  കണ്ണഞ്ചിക്കുന്ന ഈ കാഴ്ചമൂലം സർവ്വ വ്യപിയായ ഈശ്വരൻ ആയിരമായിരം കണ്ണുകൾ കൊണ്ട് ഭൂമുഖവാസികളെ  നോക്കുന്നതായും തോന്നിപ്പോവും.  രക്ഷയുടെ കവചങ്ങളണിഞ്ഞ്  നമ്മെ പരിരക്ഷിക്കുന്നതായും അനുഭവപ്പെടും. 

 

 ഈശ്വരൻ  മനുഷ്യന്റെ പ്രവർത്തന മണ്ഡലങ്ങളെ നേരായ മാർഗങ്ങളിൽക്കൂടി സഞ്ചരിക്കാൻ സസൂക്ഷ്മം കാത്തു പരിപാലിക്കുന്നതായും  അനുഭവപ്പെടും.  നീതിക്കുവേണ്ടി ദാഹിക്കുന്നവർക്ക് കരുണയും ദയയും കൽപ്പിക്കുമെന്ന വിശ്വാസവും പീലി വിടർത്തിയ മയിലിൽ ദർശിച്ചിരുന്നു. പിടക്കോഴി  പരുന്തുകൾ വരുമ്പോൾ ചിറകിനുള്ളിൽ കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്നപോലെ  സഭയും സദാ സമയവും ദിവസത്തിൽ ഇരുപത്തിനാലു മണിക്കൂറും  രാത്രിയും പകലുംമില്ലാതെ സഭാ മക്കളെ നോക്കിയും കണ്ടും പരിരക്ഷിച്ചിരുന്നുവെന്ന വിശ്വാസവും  പീലി വിടർത്തിയ മയിലിന്റെ അടയാളത്തിൽ കണ്ടിരുന്നു. തൂവലുകളിലുള്ള  മനോഹരമായ കണ്ണുകൾ ദൈവത്തിന്റെ നേരിട്ടുള്ള നോട്ടമെന്നും  പൌരാണിക കാലംമുതൽ കരുതുന്നു. അവൻ സത്യവും എല്ലാം അറിയുന്നവനെന്നും പീലിയിലുള്ള  മയിലിന്റെ കണ്ണുകളിലൂടെ  സാക്ഷ്യമാക്കുന്നു.

 

മയിലുകൾ  വിഷമുള്ള സർപ്പങ്ങളെ  വിഴുങ്ങി നശിപ്പിക്കുന്നവകളെന്നും  വിശ്വാസമുണ്ട്. വിഷ പാമ്പുകളെ കൊത്തി വിഴുങ്ങിയാലും മയിലുകൾക്ക് യാതൊന്നും സംഭവിക്കില്ലെന്ന് പഴങ്കഥകൾ പറയുന്നു. മയിലുകളുടെ രക്തം  മനുഷ്യ ശരീരത്തിൽ കടന്നു കൂടിയിരിക്കുന്ന പിശാചുക്കളെയും ദുരാത്മാക്കളെയും   ഇല്ലാതാക്കാനും  ഉപയോഗിച്ചിരുന്നു.  അതിന്റെ തൂവലുകളും മാംസവും വിഷ പാമ്പ് കടിച്ചവരുടെ വിഷം മാറ്റാനും  ഉപകരിച്ചിരുന്നു. കൂടാതെ ചില വിഷമുള്ള ചെടികളും വിത്തുകളും മയിലുകൾ ഭക്ഷിക്കാറുണ്ട്.

 

Lord Krishna 

പൌരാണിക മാനുസ്ക്രിപ്റ്റ് കൃതികളിൽ മയിലുകളിൽ നിന്നും മനുഷ്യൻ അറിഞ്ഞിരിക്കേണ്ട ചില  പാഠങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മയിലിനുള്ള മാംസം, ശബ്ദം, കണ്ണുകൾ  ഇവകൾ ഓരോന്നും മനുഷ്യനുൾക്കൊള്ളേണ്ട ചില മാനുഷിക ചിന്തകളായി കണക്കാക്കുന്നു. ഉറച്ച മാംസം നമ്മെ നയിക്കേണ്ടതായ  നല്ലയൊരു ഗുരുവിന്റെ മനക്കരുത്തായി കരുതുന്നു.   മാറ്റമില്ലാത്ത  ഗുരുവിന്റെ തീവ്രമായ ചിന്താശക്തിയെയും  പ്രതിനിധാനം ചെയ്യുന്നു. ഭയാനകമായ മയിലുകളുടെ ശബ്ദം പാപികൾള്ള ഒരു മുന്നറിയിപ്പായും കണക്കാക്കുന്നു.  പശ്ചാത്താപിക്കൂ, പാപത്തിന്റെ ഫലം  നിത്യനരകമെന്ന സ്നാപകന്റെ വാക്കുകളെ ഇവിടെ സ്ഥിതികരിക്കുന്നു. വിശറിയ തൂവലുകൾ കാലത്തിന്റെ അവസാനമായും വരാനിരിക്കുന്ന വിപത്തിന്റെ മുന്നറിയിപ്പായും ഒരു ദീർഘദർശിയിലെ  ക്രാന്ത ദർശനംപോലെ   അർത്ഥവും  കല്പ്പിച്ചിരിക്കുന്നതു കാണാം. ഇത്തരമുള്ള പൌരാണിക ചിന്താവൈകല്യങ്ങൾ  മനുഷ്യനെ പ്രകൃതിയുടെ പ്രതികരണങ്ങളിൽക്കൂടി    ദൈവവുമായി സംയോജിപ്പിക്കാനുള്ള വാതായനങ്ങളായും പൌരാണിക ലോകം കണ്ടിരുന്നു.

 

Design: Malayalam Daily News:  http://www.malayalamdailynews.com/?p=124593

 

You may also like...

Leave a Reply

Your email address will not be published. Required fields are marked *