അല്മായ മുന്നേറ്റത്തിന്റെ ശബ്ദത്തിന്‌ എന്റെ ജന്മ ദിനാശംസകൾ

Joseph Matthew USA
 
joseph mathew
 
നാലു വർഷമെന്നു പറയുന്നത് ഒരു പ്രസ്ഥാനത്തെ സംബന്ധിച്ച് ഹൃസ്വമായ കാലമാണെങ്കിലും എന്നെപ്പോലെ ജോലിയിൽ നിന്നും വിശ്രമ ജീവിതം നയിക്കുന്ന വ്യക്തികൾക്ക്    ആയുസിന്റെ പട്ടികയിൽ അത് ദീർഘ കാലം തന്നെയായിരുന്നു. അല്മായ ശബ്ദം  എന്ന ബ്ലോഗിൽ  എഴുതാൻ തുടങ്ങുംവരെ ഞാനെന്നും എന്റെ ആശയങ്ങളെ  മനസ്സിലടിച്ചമർത്തുമായിരുന്നു. ചുറ്റുമുള്ള എന്റെ എല്ലാ സുഹൃത്തുക്കളും  ബന്ധുക്കളും  കടുത്ത പ്രാർഥനയും പള്ളിയും പട്ടക്കാരനും  ദൈവവുമായി  ജീവിക്കുന്നവരാണ്. വ്യത്യസ്തനായ  എന്റെ  അഭിപ്രായങ്ങളെ അവരൊരിക്കലും  ചെവികൊണ്ടിരുന്നില്ല. എന്റെ  ചിന്താഗതികൾക്ക് എന്തോ   തകരാറുകളുണ്ടെന്നും  ചിന്തിച്ചിരുന്നു.  വാസ്തവത്തിൽ ഈ ബ്ലോഗിൽ വന്നപ്പോഴാണ് എന്നെപ്പോലെ ചിന്തിക്കുന്ന അനേകർ ഈ ഭൂമുഖത്തുണ്ടന്നറിഞ്ഞത്. ദുഷിച്ച മനോഭാവവുമായി ചഞ്ചലിക്കുന്ന  സഭയിൽനിന്ന് ഒത്തുചേർന്നു പോകാൻ സാധിക്കാഞ്ഞതും എന്റെ ജീവിത സാഹചര്യങ്ങളായിരിക്കാം. 
അല്മായശബ്ദം  സഭയുടെ   ശതൃക്കൾ നടത്തുന്ന  ബ്ലോഗാണെന്ന്  ചിലർക്ക് ധാരണയുണ്ട്. സമൂഹത്തിന്റെ ഇത്തിക്കണ്ണികളായ  പുരോഹിതരെ വിമർശിക്കുന്നത്  അതിന്  കാരണമായി ചൂണ്ടി കാണിക്കുന്നു.  അത്തരം വിശ്വാസങ്ങൾ വെറും  തെറ്റായ ധാരണയാണ്. പ്രസിദ്ധ വാഗ്മികളും കവികളും സാമൂഹിക  പ്രവർത്തകരുമായ പുരോഹിതരും ഈ ബ്ലോഗിന്റെ  എഴുത്തുകാരും ഗുണകാംക്ഷികളുമാണ്.  അന്യായമായി തൃശൂർ ബിഷപ്പ് കൈക്കലാക്കിയ തലോർ പള്ളിയുടെ  പ്രശ്നം വന്നപ്പോൾ അല്മായ ശബ്ദം  ശബ്ദിച്ചത് നീതിയുടെ ഭാഗത്തുനിന്നായിരുന്നു. നൂറു കണക്കിന് സി.എം.ഐ. അച്ചന്മാരുടെ പിന്തുണയും അല്മായ  ശബ്ദത്തിനുണ്ടായിരുന്നു.  ഇവരിലെ സംഘാടകർ സംഘടിപ്പിക്കുന്ന സമരങ്ങളിലെല്ലാം നേതൃസ്ഥാനത്ത്  പുരോഹിതരും ദൃശ്യമായിരുന്നത്  ഒർമ്മിക്കുന്നു. സഭയുടെ  നല്ലവരായ പുരോഹിതരെ എന്നും സഹോദരന്മാരായി മാത്രമേ  അല്മായ ശബ്ദം  ഗൌനിച്ചിട്ടുള്ളൂ. നീതിക്കുവേണ്ടി ദാഹിക്കുന്നവർ ഭാഗ്യവാന്മാരെന്ന  യേശു നാഥന്റെ വചനങ്ങളും ഈ ബ്ലോഗിന് എന്നുമെന്നും ഊർജവും  ഉത്തേജനവും നല്കിയിരുന്നു. 
അനീതി കാണിക്കുന്ന പുരോഹിതർക്കെതിരെ  അല്മായ ശബ്ദം  എന്നും സന്ധിയില്ലാ സമരത്തിലായിരുന്നു.   തെറ്റുകൾ മെത്രാനാണെങ്കിലും  മാർപാപ്പായാണെങ്കിലും ചൂണ്ടി കാണിക്കാൻ ഇതിന്റെ ശബ്ദം ഒരിക്കലും അമാന്തം കാണിച്ചിട്ടില്ല.  രാജ്യത്തിന്റെ പൌരന്മാരെന്ന നിലയിൽ  അതിനുള്ള  സ്വതന്ത്രമായ അവകാശം ഇതിലെ പ്രവർത്തകർക്കുണ്ട്.  അധികാര മത്തു പിടിച്ച് അധികാരത്തെ ദുർവിനിയോഗം ചെയ്യുന്ന സഭാധികാരികളെ പച്ചയ്ക്കായി തന്നെ അവരെ ഇവിടെ  അവതരിപ്പിച്ചിട്ടുമുണ്ട്.  സഭയുടെ തണലിൽ വളരുന്ന കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന പുരോഹിതരെ  പരസ്യമായി  അവർ  ആരെന്നുള്ള തനിനിറം പുറം ലോകത്തെ അറിയിച്ചിട്ടുമുണ്ട്. ഇന്ന് കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് പുരോഹിതരുടെ സമീപം വിടാതിരിക്കാൻ മാതാപിതാക്കൾ ജാഗരൂകരുമാണ്.  തന്മൂലം ഇത്തരം നാറ്റ കേസുകൾ  അഭിഷിക്തർക്ക്   ഒളിച്ചു വെക്കാൻ സാധിക്കില്ലാത്ത  അവസ്ഥയാണ് ഇന്നുള്ളത്.  അതിൽ അല്മായ ശബ്ദത്തിന്  നല്ലൊരു പങ്കുണ്ട്; ഈ ശക്തിയേറിയ ശബ്ദപ്രവാഹത്തിന്റെ ഒഴുക്കിൽ അഭിമാനവുമുണ്ട്. സൈബർ ലോകത്തിലെ ഏറ്റവും  ഉജ്ജല സ്വര ഗർജനമാണ് ഇന്ന് അല്മായ ശബ്ദത്തിനുള്ളത്. സത്യത്തിനുവേണ്ടി  നിലകൊള്ളുന്ന,  നീതിയും  ചുമതലാബോധവുമുള്ള അല്മായർ തന്നെയാണ്,  ഇതിൽ  പ്രവർത്തിക്കുന്നത്.  അല്മായന്റെ ഹൃദയത്തുടിപ്പുകൾ മനസിലാക്കിയ അല്മായൻ തന്നെയാണ് അല്മായ  ശബ്ദവാഹകരെന്നും  മനസിലാക്കണം. അതേ സമയം അല്മായരുടെ പേരിലുള്ള സഭയുടെ സംഘടനകളുടെ  തലപ്പത്തിരിക്കുന്നവർ എന്നും പുരോഹിതരോ ബിഷപ്പോ ആയിരിക്കും. 
കത്തോലിക്കാ സഭയിൽ ദൈവവിളി  കുറയാൻ കാരണം പുരോഹിതരെ   ബഹുമാനിക്കാതെയുള്ള സൈബർപേജുകളിലെ പ്രചരണമാണെന്ന്  അടുത്ത കാലത്ത് കർദ്ദിനാൾ ആലഞ്ചേരി പറയുകയുണ്ടായി. അങ്ങനെ തെറ്റു മനസിലാക്കിയെങ്കിൽ അത് പരിഹരിക്കാൻ കർദ്ദിനാൾ  ബലഹീനനെന്നും  മനസിലാക്കണം. ഇടുക്കി, കോതമംഗലം, തൃശൂർ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാർ സഭയെ നാറ്റിച്ചതാണ്   ദൈവവിളി കുറയാൻ പ്രധാന കാരണമെന്നും ലോകമാകെ അറിയാവുന്ന ഒരു സത്യമാണ്.  സലോമിയുടെ കണ്ണുനീർ സഭ എങ്ങനെ  തുടച്ചുമാറ്റും. വിദേശത്ത്   കഷ്ടപ്പാടുകൾ  നിറഞ്ഞ ജീവിതത്തിൽനിന്നും സമ്പാദിച്ച  മോനിക്കായുടെ  വസ്തു തട്ടിയെടുത്ത അനീതിയ്ക്കെതിരെ അല്മായ ശ ബ്ദം   പൊരുതിയിരുന്നു.   ഇന്നും മോനിക്കാ  പ്രശ്നം പരിഹരിക്കാതെ അവിടുള്ള അഭിക്ഷിക്തൻ  നേർച്ചപ്പെട്ടിയിൽ ഇട്ട  പണം കൊടുക്കില്ലെന്നുള്ള  കടുംപിടുത്തത്തിൽ കോടതിയെവരെ വെല്ലു വിളിച്ചുപ്രസ്താവനകൾ ഇറക്കുന്നു.  പഠിച്ച കള്ളന്മാർക്ക്ഏതു ഭരണകൂടം വന്നാലും  രാഷ്ട്രീയ സ്വാധീനവും  പത്ര മാദ്ധ്യമങ്ങളുടെ പിൻബലവും ലഭിക്കും.  ഇത്തരം പുരോഹിത തട്ടിപ്പുകൾക്കെതിരെ  അല്മായ ശബ്ദ പ്രവർത്തകർ  പ്രകടനങ്ങളിലും സമ്മേളനങ്ങളിൽക്കൂടിയും പ്രതികരിക്കുന്ന രംഗങ്ങൾ യൂടുബിൽ കാണാം. 
അഭിഷിക്ത ലോകത്തിന് ഇതിനകം അല്മായശബ്ദം  ഒരു പേടി സ്വപ്നമായിട്ടുണ്ട്. ലോകത്തിന്റെ ഏതു കോണിലുളള  കീ ബോർഡിൽ നിന്നും  പുറപ്പെടുന്ന  സൈബര് തരംഗങ്ങൾ പുരോഹിതരുടേയും  അഭിക്ഷിക്തരുടെയും ഉറക്കത്തെ കെടുത്തുന്നു.  വിശ്വാസികളുടെ പണം ചോർത്തിയെടുത്ത്  ആർഭാടത്തിൽ ജീവിക്കുന്ന  ഈ വിശിഷ്ട ജീവികൾ   ഇന്ന് വത്തിക്കാൻ വരെ നോട്ടപുള്ളികളായിട്ടുണ്ട്.  കാഞ്ഞിരപ്പള്ളിയിലെ ബിഷപ്പ് സഞ്ചരിച്ചിരുന്ന   ഒരു കോടി രൂപാ വിലയുള്ള കാർ ഉടനടി വിറ്റെന്നും കേട്ടു. അമേരിക്കയിലോ യൂറോപ്പിലോ വന്ന് വിവാഹം നടത്തി സദ്യയുണ്ടു പോവുന്ന അഭിഷിക്തർക്ക്  ദളിതന്റെ വീട്ടിൽ മരണമുണ്ടായാൽ കർമ്മം  നിർവഹിക്കാനും മടിയാണ്.  ഇനിയങ്ങനെ ആവർത്തിച്ചാൽ കോടതി കയറുമെന്നും അവർക്കിന്നറിയാം. കാരണം അവരിന്ന്   അലറുന്ന  അല്മായ  ശബ്ദമെന്ന  സിംഹത്തെ  പേടിക്കുന്നു. ഒപ്പം  ശ്രീ ജോർജ് മൂലെച്ചാലിന്റെ നേതൃത്വത്തിൽ നടത്തുന്ന  മാസികയായ സത്യ ജ്വാലയും ജ്വലിച്ചുകൊണ്ടുതന്നെ  മുമ്പിലുണ്ട്. .അല്മായ ശബ്ദത്തിനു ശക്തി  നൽകാൻ  അനേക ഫേസ് ബുക്കുകളും ലോകത്തിന്റെ നാനാ ദിക്കുകളിൽ നിന്നും ഇന്ന് പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും പല്ലു പോഴിഞ്ഞവരായ  അരമനകളിൽ വസിക്കുന്ന പുരോഹിത കടൽ ക്കിഴവന്മാർ  ലോകത്തിനു സംഭവിക്കുന്ന ഈ മാറ്റങ്ങളൊന്നും അറിയുന്നുമില്ല.
അല്മായ ശബ്ദത്തിന്  കഴിഞ്ഞകാല പ്രവർത്തനങ്ങളിൽനിന്നും നേട്ടങ്ങൾ പലതുമുണ്ടെങ്കിലും  അതിന്റെ ലക്ഷ്യ പ്രാപ്തിയിലെത്താൻ  ഇനിയും നീണ്ട പടവുകൾ കയറേണ്ടതായിട്ടുണ്ട്.   ചർച്ച് ആക്റ്റ്  ഇന്നും നിയമ പാലകർ പരിഗണിച്ചിട്ടില്ല. തലോർ പ്രശ്നം പരിഹരിക്കാതെ കിടക്കുന്നു. പൂർവിക തലമുറകൾ  പണി കഴിപ്പിച്ച പൌരാണിക പള്ളികൾ പുരോഹിതർ പൊളിച്ചു കളഞ്ഞ്  പുതിയ പള്ളികൾ ആകാശം മുട്ടെ പണിയും. ഇടലാഭത്തിൽ  കിട്ടിയ  പണം  പുരോഹിതർ പോക്കറ്റിലുമിടും.   അല്മായരെ ബോധവല്ക്കരിച്ചുകൊണ്ട്   വിവേകമുള്ളവരാക്കാനും അല്മായ ശബ്ദത്തിനു കഴിയട്ടെയെന്നും പ്രാർത്ഥിക്കാം.  ഈ ബ്ലോഗിന് ആരംഭമിട്ട മൂലെച്ചാലിൽ സഹോദരന്മാരെ ഈ അവസരത്തിൽ ഞാൻ അഭിനന്ദിക്കുന്നു. പ്രത്യേകിച്ചു അല്മായ ശബ്ദം ബ്ലോഗിൽ എഴുതാൻ എനിയ്ക്കവസരം തന്ന ഇതിന്റെ ഭാരവാഹികളെയും കൃതജ്ഞതയോടെ  സ്മരിക്കുന്നു.  വെന്നിക്കൊടിയുമായി ധീരതയോടെ  നാലാംവർഷത്തിലേക്ക് നയിക്കുന്ന  അല്മായ ശബ്ദബ്ലോഗിന് എന്റെ   ജന്മദിനാശംകൾ അർപ്പിക്കട്ടെ..

You may also like...

Leave a Reply

Your email address will not be published.